
പതിമൂന്നു വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റിൽ. ഹരിദ്വാറിലെ ബിജെപി നേതാവായ യുവതിയും ഇവരുടെ കാമുകൻ സുമിത് പത്വാളുമാണ് അറസ്റ്റിലാത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണംചെയ്തു എന്നാണ് പരാതി. കാമുകനും കൂട്ടുകാർക്കും എല്ലാ ഒത്താശയും ചെയ്തത് അമ്മയാണെന്നും പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നിലവിൽ അച്ഛനൊപ്പമാണ് പതിമൂന്നുകാരി താമസിച്ചുവരുന്നത്. ഇതിനിടെയാണ് പെൺകുട്ടി അച്ഛനോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ ഒത്താശയോടെ അമ്മയുടെ കാമുകനായ സുമിത്തും മറ്റുചിലരും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടർന്ന് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
പ്രതിയായ യുവതിക്ക് നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റിൽ യുവതിയെ പാർട്ടി പദവികളിൽനിന്ന് നീക്കംചെയ്തതാണെന്നും നിലവിൽ പാർട്ടിയിൽ സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്നും ബിജെപി ഹരിദ്വാർ ജില്ലാ പ്രസിഡന്റ് അശുതോഷ് ശർമ അറിയിച്ചു.











